Monday, July 11, 2011

ചെ-ക്ക് ഒരു പ്രണയലേഖനം


ഭൂമിയില്‍ ജീവന്‍ അവസാനിക്കാത്തിടത്തോളം ദാരിദ്ര്യമെന്ന പദത്തിന് പ്രസക്തിയുണ്ട്.
അങ്ങനെയെങ്കില്‍ വിപ്ലവമെന്ന വാക്കില്‍ തീയുണ്ട്.
വിപ്ലവചിന്തകള്‍ക്ക് കരുത്തേകാന്‍ എന്നും ചെ ഗുവേര ജ്വലിക്കുന്ന ആവേശവും...
മെയ് 14, അദ്ദേഹത്തിന്റെ ജന്മദിനം...



ചെ-ക്ക് ഒരു പ്രണയലേഖനം

ഇന്നലെയും ഞാന്‍ നിന്നെ കണ്ടു
ആള്‍ക്കൂട്ടത്തിലെവിടയോ... ഒരു മിന്നായം പോലെ

കടുക്കനിട്ട കുറുമ്പന്റെ കറുത്തടീഷര്‍ട്ടില്‍
കറയറ്റ സ്ഥൈര്യമായ്, കുനിയാത്ത ശിരസ്സുമായി..
എന്റെ ചെ..

വീണ്ടും...
കൂട്ടുകാരന്റെ മൊബൈല്‍ സ്‌ക്രീനില്‍
ബോളീവിയന്‍ കാടുകളില്‍
ഞാനെടുത്ത നിന്റെ ചിത്രം...

പിന്നെ
മുറിയിലെ അരണ്ട വെളിച്ചത്തില്‍
മേശപ്പുറത്തെ ലഹരികുപ്പിയില്‍
നിന്റെ തൊപ്പിയിട്ട, ചുരുട്ടിന്റെ ചിത്രം

അവന്‍... ഞാന്‍ വിളമ്പിയ എന്നിലും
ഞാന്‍... നിന്റെ കത്തുന്ന ചുരുട്ടിലും ലഹരി കണ്ടെത്തി....

നിന്നെ ഞാന്‍ വീണ്ടും കേട്ടു
പലതവണ..
ചുവപ്പിച്ചു പറപ്പിച്ച കൊടിയുമായ് വന്നിറങ്ങി
ചുവക്കാത്ത ചുണ്ടില്‍ തേച്ചുപിടിപ്പിച്ച
കഞ്ഞിപ്പശയിട്ട അവന്റ വാക്കില്‍....

പിന്നെ പേനയില്‍, തൊപ്പിയില്‍...
ഉപഭോഗസംസ്‌കാര ബിംബമായി നീ...
അറിഞ്ഞു ഞാന്‍...
ചെ യെന്നു ചൊല്ലി ചങ്ങലക്കിടുന്ന
അവരുടെ പുതുഅധിനിവേശ തന്ത്രം

ഞാന്‍ നിനക്കെഴുതിയ പ്രണയലേഖനം
ഇന്നും വായിച്ചു മടക്കിവച്ചു.

ഞാനിന്നതടര്‍ത്തിയെടുത്തു നിനക്ക് സമ്മാനിക്കുന്നു...
പ്രണയതീവ്രതയിലല്ല..
മറിച്ച് നീ എനിക്ക് സമ്മാനിച്ച വിപ്ലവതീവ്രതയില്‍

ഒരു ചുവന്ന അടിക്കുറിപ്പോടെ
ഇന്‍ക്വിലാബ് സിന്ദാബാദ്!

സന്ധ്യ

4 comments:

  1. സന്ധ്യയുടെ എഴുത്തില്‍ കവിതയുടെ തീവ്രതയുണ്ട്
    കൂടുതല്‍ പേര്‍ക്ക് ഇത് എത്തിക്കാന്‍ ശ്രമിക്കുക
    ബൂലോകത്ത് ഈ ബ്ലോഗ്‌ അറിയട്ടെ

    ReplyDelete
  2. തുടക്കത്തിലെ തെറ്റിദ്ധാരണ മാത്രമാണ്‌..
    എവിടെ നിൽക്കുന്നു വിപ്ലവം കൊണ്ട്‌ വിജയിച്ചവരും, വിജയിപ്പിച്ചവരും ?

    ReplyDelete
  3. കൂടുതല്‍ എഴുതുക എല്ലാ ഭാവുകങ്ങളും ..

    ReplyDelete