Friday, December 30, 2011

ആരാണ് ഞാന്‍? ഞാനോ നീയോ?

കാത്തുകാത്തിങ്ങനെ കാത്തിരിക്കുമ്പോള്‍
കാണുന്നു ഞാനെന്നെ നീ മാത്രമായ്
കണ്ടുകണ്ടങ്ങനെ കൊയ്യ്തെടുക്കുമ്പോള്‍
കാണുന്നിതോ നിന്നെ ഞാന്‍ മാത്രമായ്
അപ്പോ....ആരാണ് ഞാന്‍?
ഞാനോ നീയോ??

Friday, December 23, 2011

ഞാനെന്തുവേണ്ടൂ.....

എത്തിപിടിക്കുവാനായുമ്പോള്‍ പെട്ടെന്ന്
പൊട്ടിച്ചിരിച്ചു നീ മാഞ്ഞിടുന്നു.
പൊട്ടാത്ത വള്ളിയാല്‍ കെട്ടിയെന്നാലോ
പട്ടം കണക്കവേ പാഞ്ഞിടുന്നു.

കണ്ണിമചിമ്മാതെ കാത്തിരുന്നാലോ
കണ്ണേറെറിഞ്ഞു നീ വന്നിടുന്നു
കാര്‍മുകില്‍ കണ്ടുഞാന്‍ ഹരംപിടിച്ചെന്നാല്‍
കൃഷ്ണമൃഗം പോല്‍ കുതിച്ചിടുന്നു.


അരുതെന്നു ചൊല്ലി ഞാന്‍ പുറകേ..പിടിച്ചാല്‍
പുതുമഴ പെയ്തുനീ തോര്‍ന്നിടുന്നു
എതാണ് ശ്രേഷ്ഠമെന്നറിയാതെ ഞാനാ
മണ്ണോട് ചേര്‍ന്നങ്ങു ചാഞ്ഞിടുന്നു.

എന്തുണ്ടു വേണ്ടൂ നീ ചാരത്തണയുവാന്‍
അതറിയാതെ ഞാനിന്നു കാത്തുനില്‍പ്പു...
നിന്‍ കാവ്യമഞ്ഞിന്‍ ഇലപൊഴിച്ചീടുമീ
ആദ്രമാം ശിശിരത്തിന്‍ കാവ്യഭൂവില്‍

ഞാനോ... നീയോ...


എന്‍ നീലനയത്തിനാഴം തീരഞ്ഞിടും
നിന്നെ എന്‍ സ്നേഹതടവിലാക്കാന്‍
എന്തിന്നെനിക്കൊരു മിന്നി തിളങ്ങിടും
പൊന്‍ജ്വാല പോലൊരു വജ്രായുധം
അ‍ഞ്ജനമെഴുതാതെ കണ്‍കോണെഴുതിടും
എന്‍ കണ്ണിമപോലുമേ ധാരാളം
എന്നിട്ടും നീ എന്നെ ചൊല്ലി വിളിക്കുന്നു
ദൂര്‍ബല... ദൂര്‍ബല... എന്ന് തന്നെ...

എന്‍ കൈപിടിക്കാതെ കടക്കുവാനാവില്ല
ജീവിത പന്ഥാവിന്‍ കനല്‍വഴികള്‍
ആണയിട്ടോതുന്നു പലവുരു നീയതു
നിന്‍മനദേവാലയ അള്‍ത്താരയില്‍
എന്നിട്ടും നീ എന്നെ ചൊല്ലി വിളിക്കുന്നു
ദൂര്‍ബല... ദൂര്‍ബല... എന്ന് തന്നെ...

നിന്‍ ജീവതാളം പിഴക്കാതെ കാക്കുവാന്‍
നിന്‍ ചര്യതെല്ലുമേ തെറ്റാതെ നോക്കുവാന്‍
അമ്മയോ, പെങ്ങളൊ, പത്നിയോ എന്നപോല്‍
വേണമീ ഞാന്‍ നിന്‍ കാവലാളായി
എന്നിട്ടും നീ എന്നെ ചൊല്ലി വിളിക്കുന്നു
ദൂര്‍ബല... ദൂര്‍ബല... എന്ന് തന്നെ...

ക്ഷിപ്രപ്രസാദിയും കോപിയുമായനിന്‍
മനോരഥത്തെ പാട്ടിലാക്കാന്‍
വേണം നിനക്കെന്റെ വേദാന്തമോതുമെന്‍
ജ്ഞാനോധയത്തിന്‍ സ്നേഹസ്പര്‍‍ശം
എന്നിട്ടും നീ എന്നെ ചൊല്ലി വിളിക്കുന്നു
ദൂര്‍ബല... ദൂര്‍ബല... എന്ന് തന്നെ...

എങ്കിലും...


മഴവില്ലിന് ഏഴു നിറമെന്ന്...,
ഞാന്‍ മൂന്നേ കണ്ടുള്ളു..
ബാക്കി ആരും കാണാതെ വരച്ചുചേര്‍ത്തു;
എങ്കിലും...
മനോഹരമെന്ന് ഇന്നലെയാണ് തോന്നിയത്
അതിന്റെ വളവിനാണ് ഭംഗി
നിന്‍രെ വാരിയെല്ല് പോലെ...



ആകാശം നക്ഷത്രങ്ങള്‍ വാടകയ്ക്ക് നല്കുന്നെന്ന്...
രണ്ടെണ്ണത്തിന് ഞാനും ചോദിച്ചു...
മേഘം നിഷ്‌കരുണം കൈകൂലി മടക്കി
എനിക്കുള്ളത് നിന്‍രെ കണ്ണുകളാണത്ര...

എന്ക്കു മാത്രമായി ഒരു പൂഴയുണ്ടോ?
ഒരുറവ മതിയെങ്കില്‍ ആവാമെന്ന് മഴ
പക്ഷെ... അതിന്
എനിക്കെത്താത്ത
നിന്റെ നുണകുഴിയുടെ അഗാതത

പ്രണയം ചേര്‍ത്തു ശ്വസിച്ചാല്‍
മരിക്കാതിരിക്കുമോ?
എങ്കില്‍ നിന്നെ മണക്കാമായിരുന്നു
നിന്റെ വിയര്‍പ്പിന്
പ്രണയത്തിന്റെ ചൂര്....
എങ്കിലും...
ഒരു മഴക്കാലം
ഞാന്‍ ശ്വാസംമുട്ടി മരിക്കും... ഉറപ്പ്...

Monday, December 12, 2011

എന്തേ... ഇങ്ങനെ?










എന്തേ.. ഇങ്ങനെ?

നിന്നെ ഒന്നു തൊടണമെന്നേയുള്ളു...
ഒരു നിഴലകലത്തിലെ
പൂമ്പാറ്റപോലെ....

നിന്നെ ഒന്നു കേള്‍ക്കണമെന്നേയുള്ളു...
ഒരു ചെവിയകലത്തിലെ
ചിറകടിപോലെ...

നിന്നെ ഒന്നു കാണണമെന്നേയുള്ളു...
എന്‍ മിഴിതുമ്പിലെ
മനമഞ്ഞുപോലെ....

എന്നിട്ടും എന്തേ... ഇങ്ങനെ?