Friday, December 30, 2011

ആരാണ് ഞാന്‍? ഞാനോ നീയോ?

കാത്തുകാത്തിങ്ങനെ കാത്തിരിക്കുമ്പോള്‍
കാണുന്നു ഞാനെന്നെ നീ മാത്രമായ്
കണ്ടുകണ്ടങ്ങനെ കൊയ്യ്തെടുക്കുമ്പോള്‍
കാണുന്നിതോ നിന്നെ ഞാന്‍ മാത്രമായ്
അപ്പോ....ആരാണ് ഞാന്‍?
ഞാനോ നീയോ??

Friday, December 23, 2011

ഞാനെന്തുവേണ്ടൂ.....

എത്തിപിടിക്കുവാനായുമ്പോള്‍ പെട്ടെന്ന്
പൊട്ടിച്ചിരിച്ചു നീ മാഞ്ഞിടുന്നു.
പൊട്ടാത്ത വള്ളിയാല്‍ കെട്ടിയെന്നാലോ
പട്ടം കണക്കവേ പാഞ്ഞിടുന്നു.

കണ്ണിമചിമ്മാതെ കാത്തിരുന്നാലോ
കണ്ണേറെറിഞ്ഞു നീ വന്നിടുന്നു
കാര്‍മുകില്‍ കണ്ടുഞാന്‍ ഹരംപിടിച്ചെന്നാല്‍
കൃഷ്ണമൃഗം പോല്‍ കുതിച്ചിടുന്നു.


അരുതെന്നു ചൊല്ലി ഞാന്‍ പുറകേ..പിടിച്ചാല്‍
പുതുമഴ പെയ്തുനീ തോര്‍ന്നിടുന്നു
എതാണ് ശ്രേഷ്ഠമെന്നറിയാതെ ഞാനാ
മണ്ണോട് ചേര്‍ന്നങ്ങു ചാഞ്ഞിടുന്നു.

എന്തുണ്ടു വേണ്ടൂ നീ ചാരത്തണയുവാന്‍
അതറിയാതെ ഞാനിന്നു കാത്തുനില്‍പ്പു...
നിന്‍ കാവ്യമഞ്ഞിന്‍ ഇലപൊഴിച്ചീടുമീ
ആദ്രമാം ശിശിരത്തിന്‍ കാവ്യഭൂവില്‍

ഞാനോ... നീയോ...


എന്‍ നീലനയത്തിനാഴം തീരഞ്ഞിടും
നിന്നെ എന്‍ സ്നേഹതടവിലാക്കാന്‍
എന്തിന്നെനിക്കൊരു മിന്നി തിളങ്ങിടും
പൊന്‍ജ്വാല പോലൊരു വജ്രായുധം
അ‍ഞ്ജനമെഴുതാതെ കണ്‍കോണെഴുതിടും
എന്‍ കണ്ണിമപോലുമേ ധാരാളം
എന്നിട്ടും നീ എന്നെ ചൊല്ലി വിളിക്കുന്നു
ദൂര്‍ബല... ദൂര്‍ബല... എന്ന് തന്നെ...

എന്‍ കൈപിടിക്കാതെ കടക്കുവാനാവില്ല
ജീവിത പന്ഥാവിന്‍ കനല്‍വഴികള്‍
ആണയിട്ടോതുന്നു പലവുരു നീയതു
നിന്‍മനദേവാലയ അള്‍ത്താരയില്‍
എന്നിട്ടും നീ എന്നെ ചൊല്ലി വിളിക്കുന്നു
ദൂര്‍ബല... ദൂര്‍ബല... എന്ന് തന്നെ...

നിന്‍ ജീവതാളം പിഴക്കാതെ കാക്കുവാന്‍
നിന്‍ ചര്യതെല്ലുമേ തെറ്റാതെ നോക്കുവാന്‍
അമ്മയോ, പെങ്ങളൊ, പത്നിയോ എന്നപോല്‍
വേണമീ ഞാന്‍ നിന്‍ കാവലാളായി
എന്നിട്ടും നീ എന്നെ ചൊല്ലി വിളിക്കുന്നു
ദൂര്‍ബല... ദൂര്‍ബല... എന്ന് തന്നെ...

ക്ഷിപ്രപ്രസാദിയും കോപിയുമായനിന്‍
മനോരഥത്തെ പാട്ടിലാക്കാന്‍
വേണം നിനക്കെന്റെ വേദാന്തമോതുമെന്‍
ജ്ഞാനോധയത്തിന്‍ സ്നേഹസ്പര്‍‍ശം
എന്നിട്ടും നീ എന്നെ ചൊല്ലി വിളിക്കുന്നു
ദൂര്‍ബല... ദൂര്‍ബല... എന്ന് തന്നെ...

എങ്കിലും...


മഴവില്ലിന് ഏഴു നിറമെന്ന്...,
ഞാന്‍ മൂന്നേ കണ്ടുള്ളു..
ബാക്കി ആരും കാണാതെ വരച്ചുചേര്‍ത്തു;
എങ്കിലും...
മനോഹരമെന്ന് ഇന്നലെയാണ് തോന്നിയത്
അതിന്റെ വളവിനാണ് ഭംഗി
നിന്‍രെ വാരിയെല്ല് പോലെ...ആകാശം നക്ഷത്രങ്ങള്‍ വാടകയ്ക്ക് നല്കുന്നെന്ന്...
രണ്ടെണ്ണത്തിന് ഞാനും ചോദിച്ചു...
മേഘം നിഷ്‌കരുണം കൈകൂലി മടക്കി
എനിക്കുള്ളത് നിന്‍രെ കണ്ണുകളാണത്ര...

എന്ക്കു മാത്രമായി ഒരു പൂഴയുണ്ടോ?
ഒരുറവ മതിയെങ്കില്‍ ആവാമെന്ന് മഴ
പക്ഷെ... അതിന്
എനിക്കെത്താത്ത
നിന്റെ നുണകുഴിയുടെ അഗാതത

പ്രണയം ചേര്‍ത്തു ശ്വസിച്ചാല്‍
മരിക്കാതിരിക്കുമോ?
എങ്കില്‍ നിന്നെ മണക്കാമായിരുന്നു
നിന്റെ വിയര്‍പ്പിന്
പ്രണയത്തിന്റെ ചൂര്....
എങ്കിലും...
ഒരു മഴക്കാലം
ഞാന്‍ ശ്വാസംമുട്ടി മരിക്കും... ഉറപ്പ്...

Monday, December 12, 2011

എന്തേ... ഇങ്ങനെ?


എന്തേ.. ഇങ്ങനെ?

നിന്നെ ഒന്നു തൊടണമെന്നേയുള്ളു...
ഒരു നിഴലകലത്തിലെ
പൂമ്പാറ്റപോലെ....

നിന്നെ ഒന്നു കേള്‍ക്കണമെന്നേയുള്ളു...
ഒരു ചെവിയകലത്തിലെ
ചിറകടിപോലെ...

നിന്നെ ഒന്നു കാണണമെന്നേയുള്ളു...
എന്‍ മിഴിതുമ്പിലെ
മനമഞ്ഞുപോലെ....

എന്നിട്ടും എന്തേ... ഇങ്ങനെ?

Tuesday, July 19, 2011

മുറിഞ്ഞ സ്വപ്നം
ഞാനിന്നുമുറങ്ങുന്നു
സ്വപനങ്ങള്‍ നീലതേയ്ച്ച
എന്റെ വെള്ളക്കുപ്പായത്തില്‍
മെല്ലെ....ചരിഞ്ഞ് കിടന്ന്...

ഇടക്ക് എവിടെന്നിന്നോ
ഒലിച്ചിറങ്ങുന്ന മുറവിളി...

അടുക്കണമത്രേ...
വെടുപ്പാക്കണമത്രേ....
ദൃശ്യഭാഷ്യങ്ങളുടെ ഫൈലുകള്‍...

ഓപ്പറേറ്റിംഗ്് സിസ്റ്റം സ്ലോ...
ഫൈല്‍ ഷേയര്‍ ആണുപോലും...

നിറങ്ങള്‍ മങ്ങുന്നു...
ആരവങ്ങള്‍...., രോദനങ്ങള്‍....
അനുഭവസാക്ഷ്യങ്ങള്‍....

എന്‍ഡോസള്‍ഫാനും ഉടമസ്ഥതയും...
കാലത്തനോപ്പം വളരുന്ന തലയും...
ഉറങ്ങുമ്പോഴും അടയാത്ത മിഴികളും...
ചിരി വൈകൃതമാക്കുന്ന നിഷ്കളങ്ക മുഖവും...
ചരിഞ്ഞിരിക്കാന്‍ മത്സരിക്കുന്ന വാര്‍ത്താവതാരണവും...

പിന്നെ ഒരുമധുര സംഗീതം..
വിവാഹമാണത്രെ...
ഒരുമിച്ച് ചുബിച്ച്...
പുഞ്ചിരിച്ചവര്‍ക്കൊപ്പം..
പാപ്പരാസികളുടെ ഉണര്‍ന്ന ക്യാമറകളും.

വീണ്ടും... ഞാനെന്റെ സ്വപ്നത്തിലേക്ക്...
അവന്റെ പുഞ്ചിരിയും....
എന്നെ കോതിപ്പിക്കുന്ന അവന്റെ ചുടും...

അയ്യോ... പോയി....
വീണ്ടും റിലെ ഔട്ട്..

അണ്ണാഹസ്സാരയോ... കിരണ്‍ബേഡിയോ....
പിന്‍സ്‌റ്റേജില്‍ തൊഗാഡിയയുടെ പ്രസംഗത്തിന്റെ മാറ്റോലി...
പൊയ്കണ്ണുമായി ലാദന്‍...
തോക്കുമായി ഒബാമ...
ആരാണ് തീവ്രവാദി?
വീണ്ടും ഫൈല്‍ ക്യുവില്‍ എന്റെ ചിത്രം..
ബെല്‍ട്ട് തേടുകയാണ്...
പെന്‍സിലെവിടെ? ടി. വി. ഓഫ് ചെയ്യടി....

ഓ!മെബൈലില്‍ പകലിന്റെ സ്‌കൂള്‍ ബെല്‍...
ഞാനുണര്‍ന്നു...
സ്വപ്‌നങ്ങളില്ലാത്ത ലോകത്തേക്ക്...
ഒരു നെടുവീര്‍പ്പ് ബാക്കിനിര്‍ത്തി!

എന്നു കാണും... ഞാന്‍ എന്റെ മുറിഞ്ഞ സ്വപ്്‌നം...
മുഴുവനായി...

കാത്തിരിക്കാം....
ഇനി ഒരു രാവിന്റെ അഗാധതകളില്‍....

സന്ധ്യ

Monday, July 11, 2011

ധനസഹായം

ഇരക്ക് ധനസഹായം!
തുകനിര്‍ണ്ണയം കഠിനം തന്നെ!!
പ്രായം അറിയണം!
കീഴ്ചുണ്ടിലെ പല്ലുളിയുടെ ആഴമറിയണം!
ഉടഞ്ഞമുലകളിലെ നഖപാടെണ്ണണം!
ഇടുപ്പെല്ലിന്റെ തകര്‍ച്ചയറിയണം!
വ്രണസ്രവമാപിനിയുടെ കൃത്യതയറിയണം!
അയ്യോ തീര്‍ന്നില്ല കേട്ടോ....
സമനിലക്കുമുണ്ട് നിശ്ചിത ഗ്രേഡിംഗ്!

തോണ്ടിയാലോന്ന്!
ഇടുപ്പെല്ലിന്റെ തേയ്മാനത്തിന് രണ്ട്!
4വയസ്സ്‌കാരിക്ക് മൂൂൂൂൂൂൂൂൂൂൂൂൂന്ന്!!!
ചത്താലോ? ആവോ?
ആശ്രിതര്‍ക്കെന്തെങ്കിലും വേണ്ടതല്ലെ?
അതു സമരപന്തലില്‍ പ്രഖ്യാപിക്കുമത്രെ!!

കഷ്ടം! സൗമ്യ പോയല്ലോ...
കുഞ്ഞ് പൊത്തിലും ചീഞ്ഞു...
ഇല്ലേല്‍ നിറഞ്ഞ സദസ്സില്‍
പദ്ധതി ഉദ്ഘാടനം പൊടിപൊടിച്ചേനെ
ഒരു പച്ചചിരിയില്‍ പച്ചതോപ്പിയും വച്ച്
പിഞ്ചുകുഞ്ഞിന്റെ കയ്യില്‍
ഒരുകെട്ട് പച്ചനോട്ട്!!
അല്ലപിന്നെ!!

അയ്യോ.....നോട്ടുകെട്ടിലെ ഗാന്ധിക്ക് കണ്ണില്ലേ?
കറുത്ത ഓട്ടയോ?
ഓട്ടനോട്ടിന് പകരം കിട്ടിയതോ...
ഒരൂരൂപ കഞ്ഞി!!

വ്വോ.......... വ്വോ............................
ഇനിയോരക്ഷരം വയ്യ!
ഓക്കാനിച്ചു വയ്യ!!!!!!!!
സന്ധ്യ

ചെ-ക്ക് ഒരു പ്രണയലേഖനം


ഭൂമിയില്‍ ജീവന്‍ അവസാനിക്കാത്തിടത്തോളം ദാരിദ്ര്യമെന്ന പദത്തിന് പ്രസക്തിയുണ്ട്.
അങ്ങനെയെങ്കില്‍ വിപ്ലവമെന്ന വാക്കില്‍ തീയുണ്ട്.
വിപ്ലവചിന്തകള്‍ക്ക് കരുത്തേകാന്‍ എന്നും ചെ ഗുവേര ജ്വലിക്കുന്ന ആവേശവും...
മെയ് 14, അദ്ദേഹത്തിന്റെ ജന്മദിനം...ചെ-ക്ക് ഒരു പ്രണയലേഖനം

ഇന്നലെയും ഞാന്‍ നിന്നെ കണ്ടു
ആള്‍ക്കൂട്ടത്തിലെവിടയോ... ഒരു മിന്നായം പോലെ

കടുക്കനിട്ട കുറുമ്പന്റെ കറുത്തടീഷര്‍ട്ടില്‍
കറയറ്റ സ്ഥൈര്യമായ്, കുനിയാത്ത ശിരസ്സുമായി..
എന്റെ ചെ..

വീണ്ടും...
കൂട്ടുകാരന്റെ മൊബൈല്‍ സ്‌ക്രീനില്‍
ബോളീവിയന്‍ കാടുകളില്‍
ഞാനെടുത്ത നിന്റെ ചിത്രം...

പിന്നെ
മുറിയിലെ അരണ്ട വെളിച്ചത്തില്‍
മേശപ്പുറത്തെ ലഹരികുപ്പിയില്‍
നിന്റെ തൊപ്പിയിട്ട, ചുരുട്ടിന്റെ ചിത്രം

അവന്‍... ഞാന്‍ വിളമ്പിയ എന്നിലും
ഞാന്‍... നിന്റെ കത്തുന്ന ചുരുട്ടിലും ലഹരി കണ്ടെത്തി....

നിന്നെ ഞാന്‍ വീണ്ടും കേട്ടു
പലതവണ..
ചുവപ്പിച്ചു പറപ്പിച്ച കൊടിയുമായ് വന്നിറങ്ങി
ചുവക്കാത്ത ചുണ്ടില്‍ തേച്ചുപിടിപ്പിച്ച
കഞ്ഞിപ്പശയിട്ട അവന്റ വാക്കില്‍....

പിന്നെ പേനയില്‍, തൊപ്പിയില്‍...
ഉപഭോഗസംസ്‌കാര ബിംബമായി നീ...
അറിഞ്ഞു ഞാന്‍...
ചെ യെന്നു ചൊല്ലി ചങ്ങലക്കിടുന്ന
അവരുടെ പുതുഅധിനിവേശ തന്ത്രം

ഞാന്‍ നിനക്കെഴുതിയ പ്രണയലേഖനം
ഇന്നും വായിച്ചു മടക്കിവച്ചു.

ഞാനിന്നതടര്‍ത്തിയെടുത്തു നിനക്ക് സമ്മാനിക്കുന്നു...
പ്രണയതീവ്രതയിലല്ല..
മറിച്ച് നീ എനിക്ക് സമ്മാനിച്ച വിപ്ലവതീവ്രതയില്‍

ഒരു ചുവന്ന അടിക്കുറിപ്പോടെ
ഇന്‍ക്വിലാബ് സിന്ദാബാദ്!

സന്ധ്യ

ഒരു നേരം


എഴുതാന്‍ ഒരു സമയം പറഞ്ഞുതരാമൊ?
നിനക്ക് രാത്രി എന്നു പറയാം...
രാത്രി നിന്റെ സ്വന്തമല്ലേ?
നിന്റെ ഇഷ്ടങ്ങള്‍ക്ക് അത് പതിച്ചു നല്കാം
എനിക്കത് വയ്യല്ലോ!
ഒരു ചരടിന്ന് അതൊരുവന്ന് മറിച്ചു വിറ്റതല്ലേ,
അനുവാദത്തിന് മുട്ടുകുത്താന്‍ വയ്യ!
അഭിമാനക്ഷതം ആത്മാവിനത്രേ!

പകലോ?
അത് ജന്മാന്തരങ്ങള്‍ക്ക് മുമ്പ് എന്റെ മുത്തശ്ശി വിറ്റു
ഒരു മുഴം തുണിക്കും
ഒരു വയറു ചൊറിനും

ശപിച്ചു പോകും അവറ്റയെ!

ഇനിയെന്തു ബാക്കി?
എന്റെ വില്പനക്കു വയ്ക്കാത്ത ചിന്തയല്ലാതെ

അതിനിടക്ക് കട്ടു ഞാന്‍ മടുത്തു!

കഷ്ടം! എന്റെ പേനയും പേപ്പറും

കള്ളീ.. .യെന്നു വിളിക്കാതെ
കള്ളചിരിയോടല്ലാതെ!
എന്നെ അവ നോക്കാറെ ഇല്ല!

സന്ധ്യ

Wednesday, May 18, 2011

കല്പന


കല്പന 

കടല്‍ കടന്നെത്തുന്ന കടലാസ്സു തോണിക്ക്
കല്പന എന്ന് പേരുവിളിച്ചു
ഞാനല്ല...ആരോ ഒരാള്‍
തോണിയില്‍ തുഴയും
തുഴക്കാരനുമില്ല
പൊങ്ങിയും തങ്ങിയും
അതങ്ങനെ
ഞാനതിന്‍ അമരത്ത്
കൈനിവര്‍ത്തി
ആകാശകണ്ണുംനട്ട്
പ്രതീക്ഷയോടെ...നീ
നീ ഒരു മഴയായി പെയ്തിരുന്നെങ്കില്‍...
സന്ധ്യ

Tuesday, May 17, 2011

എന്റെ കണക്കുപുസ്തകം


എന്റെ കണക്കുപുസ്തകം

 എന്റെ കണക്കുപുസ്തകം 
നിറയെ വരകളാണ്
ചുവപ്പും കറുപ്പുമിട്ട  വരകള്‍
ആരും കാണാതെ ഒളിപ്പിച്ചു വച്ച ഗുണനപട്ടികയുണ്ട്
അവസാന താളില്‍
ഇടക്ക് വഴിമുട്ടുമ്പോള്‍ ഒന്ന്മറിച്ച് നോക്കി വീണ്ടും
കൂട്ടല്‍... കിഴിക്കല്‍...
ശ്രേമിച്ചു എന്ന പേരില്‍
ഒടുവില്‍ ഒരു + ഉം
'ഞാനും പാഠ്യപദ്ധതി പുതുക്കി'
അധ്യാപകനും പഠിതാവും ഞാന്‍ തന്നെ
ചിലപ്പോള്‍പ്രധമാധ്യപകനും
വേഷമിട്ട  പണ്ഡിതനും
പിന്നെ പൊല്ലാപ്പ്
ചോദ്യങ്ങള്‍?
വഴികണക്കുകള്‍‍... തെറ്റിയ വരികള്‍
വിശകലനങ്ങള്‍....

മുനയൊടിഞ്ഞ പെന്‍സില്‍
ഞാന്‍ വീണ്ടും മിനുക്കി
അരുകു മടങ്ങിയ താളില്‍...
ഇടത്തുനിന്നു തന്നെ...
വിണ്ടും .... ക്രിയ....
ജീവന്‍റെ കടക്രിയ....


സന്ധ്യ